കറുപ്പിനു ഏഴഴകെന്നു പറയും
ദു:ഖത്തിനു കരിങ്കൊടി നാട്ടിടും
കണ്ണനു കാർവർണ്ണമെന്ന് ചൊല്ലിടും
തിന്മയ്ക്ക് നിറം കറുപ്പും ചാർത്തിടും
ദുഃഖദിനങ്ങളെ ദുരിതങ്ങളെ
കരിദിനമെന്നു പേർ ചൊല്ലിടും
കറുപ്പു തിന്മയും വെൺമ നന്മയും
നമ്മളാദ്യം പഠിച്ച വിവേചനപാഠം
ആ പാഠങ്ങളിൽ തുടങ്ങിടുന്നു
വർണ്ണ- ലിംഗ വിവേചന ബോധങ്ങൾ
കറുപ്പും വെളുപ്പും വെറും നിറങ്ങൾ
നിറങ്ങളോ കാഴ്ചയിലെ മിഥ്യകൾ
പഠിച്ചിടാമീ നിറങ്ങൾ മിഥ്യയെന്നു
പഠിച്ചിടാമതിൽ പിന്നെ മാനവികതയും
പടുത്തുയർത്താമതിലൊരു ലോകം
വിവേചനങ്ങളെ ചരിത്രമാക്കിടാം