സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ ഉള്ള ഒരു സിനിമയിലും അഭിനയിക്കില്ല എന്ന പൃഥിരാജിന്റെ തീരുമാനം തീർത്തും സ്വാഗതാർഹം.സിനിമയിലെ കിരീടംവച്ചതും വയ്ക്കാത്തതും ഇനി വയ്ക്കാൻ കാത്തുകെട്ടിനിൽക്കുന്നതുമായ മറ്റു ” താരരാജാക്കന്മാരും “ഈ തീരുമാനം മാതൃകയാക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം. അതിനോടൊപ്പം തന്നെ ചില കാര്യങ്ങൾ കൂടി നമ്മൾ ചേർത്തു വായിക്കേണ്ടതുണ്ട്.
സ്ത്രീവിരുദ്ധത മാത്രമായിരുന്നോ മലയാള സിനിമയിലുള്ള ഒരയൊരു മാലിന്യം. ഒരിക്കലുമല്ല. ഇന്നു പൊതു സമൂഹം ചർച്ച ചെയ്യുന്ന ലിംഗസമത്വം, സ്വവർഗ്ഗാനുരാഗം,ദളിതർ നേരിടുന്ന പ്രശ്നങ്ങൾ, ട്രാൻസ്ജെൻഡേർസിനോടുള്ള കാഴ്ചപ്പാടുകൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ ഉള്ള മലയാളികളുടെ വൃത്തികെട്ട കാഴ്ചപ്പാടുകളുടെ ഒരു പ്രതിഫലനം തന്നെയാണ് സിനിമാലോകത്തിന്റെ രാഷ്ട്രീയം. മലീമസമായ കാഴ്ചപ്പാടുകൾ സമൂഹത്തിലേക്ക് കുത്തി വയ്ക്കപ്പെട്ടതിൽ സിനിമാ ലോകത്തിനുള്ള പങ്ക് വളരെ വലുതാണ്.’
സ്വവർഗ്ഗാനുരാഗികളേയും ,ട്രാൻസ്ജെൻഡേഴ്സിനേയും ” ചാന്തുപൊട്ട്” എന്നു വിളിക്കാൻ പഠിപ്പിച്ചത് സിനിമാലോകമാണ്. ” സ്ത്രീകളെ പോലെ തന്നെ, ഒരു പക്ഷേ അവരേക്കാളു മധികം സമൂഹത്തിൽ ദുരിതവും അവഗണയും ഏറ്റുവാങ്ങുന്നവർ ആണ് ട്രാൻസ്ജെൻഡേഴ്സ്. മലയാള സിനിമ ഇത്ര വർഷങ്ങൾ പിന്നിട്ടിടും അവരുടെ പ്രശ്നങ്ങൾ മുന്നിലേക്ക് കൊണ്ടുവരുന്ന എത്ര സിനിമകൾ നമുക്കുണ്ട്.
താൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന കാര്യം പുറത്തു അറിയാതിരിക്കാൻ സ്വന്തം സുഹൃത്തിനെ കൊല ചെയ്ത കഥാപാത്രത്തെ പൃഥിരാജ് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സ്വവർഗ്ഗാനുരാഗം കൊടിയ പാപം എന്ന കാഴ്ചപ്പാടല്ലാതെ മറ്റെന്താണ് ആ സിനിമ പ്രേക്ഷകനു നൽകുന്നത്. എന്റെ ലൈഗികത എന്റെ മാത്രം സ്വാതന്ത്ര്യമാണെന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറയുന്ന നായകന്മാരെയാണ് ഇന്നത്തെ കാലഘട്ടത്തിനു ആവശ്യം.
“അട്ടപ്പാടിക്കാരൻ ലുലു മാൾ കാണാൻ വന്ന ” പ്രയോഗത്തിലൂടെ ആദിവാസികൾ അപരിഷ്കൃതർ എന്ന പൊതുബോധം ഉറപ്പിക്കാൻ നോക്കിയതും സിനിമ ലോകം തന്നെയാണ്. നായകൻ ഒരു സാധാരണക്കാരനും എത്ര പാവപ്പെട്ടവനുമായി കൊള്ളട്ടെ ജാതിയിൽ ഉന്നതനായിരിക്കണം, കൂടാതെ തന്റെ തറവാടിത്തം എടുത്തു പറയുന്ന വൈകാരിക സംഭാഷണങ്ങളുമ ണ്ടായിരിക്കണമെന്ന ക്ലീഷേകൾ സിനിമാ ലോകം കൊണ്ടാടുന്നു.ഫ്യൂഡൽ പ്രമാണിമാരായ തറവാട് ക്ഷയിച്ച പിന്നീട് ” സാധാരണക്കാരൻ” ആയ നായകന്റെ കഥ പറഞ്ഞ സിനിമകളാണ് നമുക്ക് കൂടുതൽ ഉള്ളതും.നായർ, മേനോൻ, കൈമൾ ഇത്യാദി വർഗ്ഗങ്ങളെ മാത്രമേ മലയാള സിനിമ സാധരണക്കാരനായി കണ്ടിട്ടുള്ളു. ദുരിതവും പട്ടിണിയും അവഗണനയും മാത്രം കൈമുതലായ് ഉള്ള ദളിതന്റെ കഥ പറയുന്ന എത്ര സിനിമകൾ നമുക്കുണ്ട്.
സ്ത്രീ വിരുദ്ധത മാത്രമല്ല, മറ്റനേകം മാലിന്യങ്ങൾ മലയാള സിനിമ ലോകം പേറി നടക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയക്കെതിരെ എടുത്ത കടുത്ത നിലപാടുകൾ ഇത്തരം മറ്റു മാലിന്യങ്ങൾക്കുമെതിരെ എടുക്കാൻ പൃഥിരാജിനും മറ്റു സിനിമാ പ്രവർത്തകർക്കും എല്ലാത്തിനുമുപരി പ്രേക്ഷകർക്കും സാധിക്കട്ടെയെന്ന് നമുക്കു പ്രത്യാശിക്കാം…
Peace
